സ്വാതന്ത്ര്യദിനം 2025: 'മൈഗവ്' ദേശീയതല മത്സരങ്ങൾക്ക് തുടക്കമിട്ടു
'മൈഗവ്', പ്രതിരോധ മന്ത്രാലയം, ഓൾ ഇന്ത്യ റേഡിയോ എന്നിവയുടെ സഹകരണത്തോടെ, 2025-ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. "സ്വാതന്ത്ര്യ ദിനം 2025" എന്ന കാമ്പയിന്റെ ഭാഗമായി രാജ്യത്തെ യുവജനങ്ങൾക്കായി മൈഗവ് പോർട്ടലിൽ മൂന്ന് പ്രധാന മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങളും വിഷയങ്ങളും:
1. ഉപന്യാസ രചനാ മത്സരം: 'ഓപ്പറേഷൻ സിന്ദൂർ - ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നയം പുനർനിർവചിക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസങ്ങൾ സമർപ്പിക്കാം.
2. ചിത്രരചനാ മത്സരം: 'ന്യൂ ഇന്ത്യ - എംപവർഡ് ഇന്ത്യ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരയ്ക്കാം.
3. റീൽസ് മത്സരം: 'സ്വാതന്ത്ര്യ സമര സ്മാരകങ്ങളിലേക്കുള്ള യാത്ര' എന്ന വിഷയത്തിൽ റീൽസുകൾ നിർമ്മിക്കാം.
മൈഗവ് പോർട്ടലിൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്ന് നടത്തുന്ന ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 വിജയികളെ പ്രതിരോധ മന്ത്രാലയം 2025-ലെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുപ്പിക്കും.
മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും മൈഗവ് പോർട്ടൽ സന്ദർശിക്കുക:
https://www.mygov.in/campaigns/independenceday/?target=webview&type=campaign&nid=0