കീം 2026 അപേക്ഷ ചെലവ് കൂടും; ഓരോ പ്രോഗ്രാമിനും വെവ്വേറെ ഫീ... കീം 2026 അപേക്ഷ ചെലവ് കൂടും; ഓരോ പ്രോഗ്രാമിനും വെവ്വേറെ ഫീ...
തിരുവനന്തപുരം ∙ കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ലിങ്ക്: www.cee.kerala.gov.in ലെ KEAM 2026 Online Application.
എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷനാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും 31നു മുൻപ് അപ്‌ലോഡ് ചെയ്യണം. മറ്റു യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 7ന് വൈകിട്ട് 5 വരെ സമയമുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്കു യുഡിഐഡി കാർഡ് തന്നെ വേണമെന്നു നിർബന്ധമില്ല. അംഗീകൃത അതോറിറ്റി നൽകിയ സർട്ടിഫിക്കറ്റ് മതിയാകും. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു തന്നെയുള്ളതാകണം. കേന്ദ്ര സർക്കാർ നൽകുന്നതോ സംസ്ഥാന സർക്കാരിന്റെ തൊഴിൽ ആവശ്യങ്ങൾക്കോ ഉള്ളതാകരുത്. ഒരാൾ ഒരു അപേക്ഷ മാത്രമേ നൽകാവൂ. വ്യത്യസ്ത ബോർഡുകൾക്കു കീഴിൽ പ്ലസ്ടു വിജയിച്ചവരുടെ മാർക്ക് സമീകരിക്കാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ ഫോർമുല ഉൾപ്പെടുത്തിയാണു പ്രോസ്പെക്ടസ്. ഇത്തവണ ഓരോ പ്രോഗ്രാമിനും വെവ്വേറെ അപേക്ഷാ ഫീ അടയ്ക്കണമെന്നതാണു പ്രധാന മാറ്റം. എസ്ടി വിഭാഗത്തിനു ഫീ വേണ്ട. അപേക്ഷിച്ച ശേഷം ഒട്ടേറെപ്പേർ പരീക്ഷ എഴുതാതിരിക്കുന്നതിനാലാണു വെവ്വേറെ ഫീ എന്നാണു വിശദീകരണം. വെവ്വേറെ ഫീസ് അടച്ച് എല്ലാ പരീക്ഷയും എഴുതണമെങ്കിൽ 2450 രൂപയോളം വേണ്ടി വരും. മുൻപ് 1300 രൂപയ്ക്ക് എല്ലാ പരീക്ഷകളും എഴുതാമായിരുന്നു.





