കേരള സംസ്ഥാന പ്ലാനിങ് ബോർഡ് ഇന്റേൺഷിപ്പ് 2025-26: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പ്ലാനിങ് ബോർഡിന്റെ ഇവാലുവേഷൻ ഡിവിഷൻ നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം 2025-26-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്തെ യുവ സ്കോളർമാർക്കിടയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും നയ അധിഷ്ഠിതവുമായ ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മൂന്നുമാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയും ആനുകൂല്യങ്ങളും:
വ്യക്തിഗത അഭിമുഖത്തിന്റെയും അപേക്ഷകർ സമർപ്പിക്കുന്ന റിസർച്ച് പ്രൊപ്പോസലിന്റെ ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇന്റേണുകളെ തിരഞ്ഞെടുക്കുക. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ, ഇന്റേൺഷിപ്പ് പൂർത്തിയാക്കുമ്പോൾ പിജി ഇന്റേൺമാർക്ക് 24,000/- രൂപയും പിഎച്ച്ഡി ഇന്റേൺമാർക്ക് 30,000/- രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ഗൈഡ് ഒപ്പിട്ട് അംഗീകരിച്ച അന്തിമ റിപ്പോർട്ട്, നിർദിഷ്ട ഫോർമാറ്റിൽ, നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കേണ്ടതാണ്.
യോഗ്യതയും വിഷയങ്ങളും:
ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിലോ കോളേജുകളിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (അവസാന വർഷം/സെമസ്റ്റർ) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, സോഷ്യോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, ഡെമോഗ്രഫി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ വർക്ക്, വിദ്യാഭ്യാസം, നിയമം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് പോളിസി എന്നിവയിലേതെങ്കിലും ഒന്നായിരിക്കണം ബിരുദാനന്തര ബിരുദ അല്ലെങ്കിൽ പിഎച്ച്ഡി തലത്തിലെ പഠന വിഷയം.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകളും അനുബന്ധ രേഖകളും internshipspb2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 30-ന് രാത്രി 11.59-നകം ലഭിക്കണം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്ലാനിങ് ബോർഡ് അറിയിച്ചു.