ബിടെക് അഞ്ചാം സെമസ്റ്ററിൽ ഇയർബാക്ക് ഒഴിവാക്കി.
തിരുവനന്തപുരം ∙ ബിടെക് അഞ്ചാം സെമസ്റ്ററിൽ ഇയർബാക്ക് രീതി നടപ്പാക്കേണ്ടെന്നു കേരള ടെക്‌നിക്കൽ യൂണിവേഴ്സിറ്റി (കെടിയു) സിൻഡിക്കറ്റ് തീരുമാനിച്ചു. അംഗങ്ങളായ ജ്യോതികുമാർ ചാമക്കാല എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, വിദ്യാർഥി പ്രതിനിധി മുഹമ്മദ് യാമിൻ ബെക്ക് എന്നിവർ ഉന്നയിച്ച ആവശ്യം ആവശ്യം പുനഃസംഘടിപ്പിച്ച സിൻഡിക്കറ്റിന്റെ ആദ്യ യോഗം അംഗീകരിച്ചു. ആദ്യ 2 സെമസ്റ്ററുകളിൽനിന്ന് നിശ്ചിത ക്രെഡിറ്റ് നേടിയാൽ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്കു പ്രവേശനം നൽകൂ എന്നതായിരുന്നു ഇയർബാക്ക് രീതിയുടെ സവിശേഷത. കഴിഞ്ഞ ഒന്നര വർഷമായി തീർപ്പാക്കാത്ത ഫയലുകളിൽ യോഗം തീരുമാനം എടുത്തു. കോളജുകളിലെ വിദഗ്ധസമിതി സന്ദർശനം– പരിശോധന, അക്കാദമിക് ഓഡിറ്റ്, ഫാക്കൽറ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകി. എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ നിയമനങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി കമ്മിറ്റിക്കു രൂപം നൽകി. ഒക്ടോബർ 9ന് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനിച്ചു.





