World Bank-Japan scholarship: വിദേശത്തെ മികച്ച കോളേജുകളിൽ സൗജന്യമായി പഠിച്ചാലോ; ലോകബാങ്ക്-ജപ്പാൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിദേശത്തെ മികച്ച കോളേജുകളിൽ പഠനം ആഗ്രഹിക്കുന്നവർക്കായി ജോയിന്റ് ജപ്പാൻ/വേൾഡ് ബാങ്ക് ഗ്രാജ്വേറ്റ് സ്കോളർഷിപ്പ് പ്രോഗ്രാം (JJ/WBGSP) 2026 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള, വികസന മേഖലകളിൽ (Development-related sectors) ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായി മാസ്റ്റേഴ്സ് ബിരുദം നേടാനുള്ള സുവർണ്ണാവസരമാണിത്.
സ്വന്തം രാജ്യത്തെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന പ്രൊഫഷണലുകൾക്ക് അവരുടെ അറിവ് വർദ്ധിപ്പിക്കാനായി പ്രത്യേക അക്കാദമിക് പരിശീലനം നൽകുകയാണ് ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം. വികസന നയരൂപീകരണം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പഠനത്തിനാണ് മുൻഗണന നൽകുന്നത്.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓഷ്യാനിയ, ജപ്പാൻ എന്നിവിടങ്ങളിലെ 24 സർവ്വകലാശാലകളിലായി 44 മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഉദ്യോഗാർത്ഥികൾ ജാഗ്രതൈ! എ.ഐ അറിയില്ലെങ്കിൽ ജോലി ഇല്ല; കമ്പനി ഇന്റർവ്യൂകളിൽ നടക്കുന്നത് ഇതാണ്
പ്രധാന മേഖലകൾ:
ഇക്കണോമിക് പോളിസി മാനേജ്‌മെന്റ്
ടാക്സ് പോളിസി (നികുതി നയം)
ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് (അടിസ്ഥാന സൗകര്യ വികസനം)
നിശ്ചയിച്ചിട്ടുള്ള 44 കോഴ്സുകളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം ലഭിച്ചവർക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കൂ.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
ലോകബാങ്ക് അംഗമായ ഒരു വികസ്വര രാജ്യത്തെ പൗരനായിരിക്കണം (വികസിത രാജ്യത്തെ ഇരട്ട പൗരത്വം പാടില്ല).
അപേക്ഷിക്കുന്നതിന് ചുരുങ്ങിയത് മൂന്നു വർഷം മുമ്പ് ബാച്ചിലർ ബിരുദം നേടിയവരാകണം.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ വികസന മേഖലയിൽ മൂന്ന് വർഷത്തെ ശമ്പളത്തോട് കൂടിയ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
നിലവിൽ വികസന മേഖലയിൽ ജോലി ചെയ്യുന്നവരാകണം.
സ്വന്തം രാജ്യമല്ലാത്ത മറ്റൊരു രാജ്യത്തെ സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചിരിക്കണം.
ലോക ബാങ്ക് ഗ്രൂപ്പുമായോ ജീവനക്കാരുടെ ബന്ധുക്കളുമായോ ബന്ധമുള്ളവരായിരിക്കരുത്.
അപേക്ഷിക്കേണ്ട സമയപരിധി
യൂണിവേഴ്സിറ്റി കലണ്ടറുകൾക്ക് അനുസൃതമായി അപേക്ഷകൾ രണ്ട് ഘട്ടങ്ങളിലായാണ് സ്വീകരിക്കുന്നത്:
ഒന്നാം ഘട്ടം: 2026 ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ.
രണ്ടാം ഘട്ടം: 2026 മാർച്ച് 30 മുതൽ മെയ് 29 വരെ.
യൂണിവേഴ്സിറ്റി പ്രവേശനം ലഭിച്ചവരുമായി മാത്രമേ അപേക്ഷാ ലിങ്ക് പങ്കുവെക്കുകയുള്ളൂ. അതിനാൽ വിദ്യാർത്ഥികൾ തങ്ങൾ ആഗ്രഹിക്കുന്ന സർവ്വകലാശാലയുമായി ബന്ധപ്പെട്ട് യോഗ്യത ഉറപ്പാക്കേണ്ടതാണ്.
സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ
മുഴുവൻ ട്യൂഷൻ ഫീസും
അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ്
പ്രതിമാസ ജീവിതച്ചെലവ് (രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു)
മടക്കയാത്രാ ചെലവ് (കുറഞ്ഞ വിമാന ടിക്കറ്റ് നിരക്ക്)
ഓരോ യാത്രയ്ക്കും 600 യുഎസ് ഡോളർ യാത്രാ അലവൻസ്
പ്രോഗ്രാം മുഴുവൻ കാലയളവിലേക്കോ രണ്ട് വർഷം വരെയോ കവറേജ് നീണ്ടുനിൽക്കും.
(ശ്രദ്ധിക്കുക: വിസ ചിലവ്, കുടുംബത്തിനായുള്ള ചിലവുകൾ, ലാപ്ടോപ്പ് തുടങ്ങിയവ ഈ സ്കോളർഷിപ്പിൽ ഉൾപ്പെടില്ല.)
പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയും അവിടെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും വേണം.





