CBSE Class 10 Maths Exam Analysis: സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷ: സ്റ്റാൻഡേർഡ് പേപ്പർ എളുപ്പം, ബേസിക് പേപ്പർ കുഴപ്പിച്ചെന്ന് വിദ്യാർത്ഥികൾ
ചൊവ്വാഴ്ച നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമ്മിശ്ര പ്രതികരണം. ഭൂരിഭാഗം അധ്യാപകരും അഭിപ്രായപ്പെടുന്നത് ചോദ്യങ്ങൾ എൻസിഇആർടി (NCERT) പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നാണ്. എന്നാൽ പരീക്ഷ എത്രത്തോളം എളുപ്പമായിരുന്നു എന്നത് വിദ്യാർത്ഥികളുടെ സമയക്രമീകരണത്തെ ആശ്രയിച്ചിരിക്കുമെന്നാണ് പൊതുവിലയിരുത്തൽ.
NCERT അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ
ഈ വർഷത്തെ പരീക്ഷ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എളുപ്പമായിരുന്നു എന്നാണ് ബെംഗളൂരുവിലെ ജെയിൻ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപകരായ വാമൻറാവു എസ്. പാട്ടീലും ബെനാസീർ പി.എയും അഭിപ്രായപ്പെടുന്നത്. സിലബസ് പൂർണ്ണമായും ഉൾക്കൊള്ളുന്നതായിരുന്നു ചോദ്യപേപ്പർ. ഏകദേശം 70% ചോദ്യങ്ങളും പാഠപുസ്തകത്തിലെ എക്സർസൈസ് ഭാഗങ്ങളിൽ നിന്നുള്ളവയാണെന്ന് ഗുരുഗ്രാമിലെ ശിവ് നാടാർ സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം മേധാവി വരുൺ ഗോയൽ പറയുന്നു. തീയറങ്ങൾ, സർക്കിളുകൾ, ടാൻജന്റ്സ്, സ്റ്റാറ്റിസ്റ്റിക്സ് (മീഡിയൻ, മോഡ്) തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ആശ്വാസമായി.
സെക്ഷനുകൾ തിരിച്ചുള്ള വിശകലനം
ചോദ്യപേപ്പറിന്റെ ഘടന ഇപ്രകാരമായിരുന്നു: 18 എം.സി.ക്യൂ, 2 അസെർഷൻ-റീസൺ ചോദ്യങ്ങൾ (ഓരോന്നിനും 1 മാർക്ക് വീതം), 6 വളരെ ചെറിയ ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങൾ (2 മാർക്ക് വീതം), 6 ചെറിയ ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങൾ (3 മാർക്ക് വീതം), 4 ദീർഘമായ ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങൾ (5 മാർക്ക് വീതം), 3 കേസ് സ്റ്റഡി ചോദ്യങ്ങൾ (4 മാർക്ക് വീതം).
പാർലമെന്റിൽ ജോലി വേണോ? ധാരാളം ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
എം.സി.ക്യൂ, അസെർഷൻ-റീസൺ വിഭാഗം ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ശരാശരി വിദ്യാർത്ഥിക്ക് ഇത് പരിഹരിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രീതിയിലാണ്. HCF, LCM, AP, പ്രോബബിലിറ്റി എന്നിവയിൽ നിന്നുള്ള എം.സി.ക്യൂകൾ എളുപ്പമായിരുന്നു. എന്നാൽ അസെർഷൻ-റീസൺ ചോദ്യങ്ങൾ അല്പം കുഴപ്പിക്കുന്നതായിരുന്നു.
സെക്ഷൻ സിയും ഡിയും
സെക്ഷൻ സി, ഡി എന്നിവയിൽ വൃത്തങ്ങൾ, ത്രികോണങ്ങൾ, ഇറേഷണൽ നമ്പറുകൾ, ഡൈസുകളെ അടിസ്ഥാനമാക്കിയുള്ള പ്രോബബിലിറ്റി, ലീനിയർ ഇക്വേഷനുകൾ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ നിന്ന് മുൻവർഷങ്ങളിലെ മാതൃകയിലുള്ള ധാരാളം ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു. സെക്ഷൻ ബി-യും സി-യും പൊതുവെ എളുപ്പമായാണ് വിലയിരുത്തപ്പെട്ടത്. സെക്ഷൻ സി-യിൽ ഏതാനും എൻ.സി.ഇ.ആർ.ടി ചോദ്യങ്ങൾ ഉണ്ടായിരുന്നതായും അത് താരതമ്യേന എളുപ്പമായിരുന്നുവെന്നും അധ്യാപകർ പറഞ്ഞു.
മാത്ത്സ് ബേസിക് vs സ്റ്റാൻഡേർഡ് പേപ്പറുകൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഈ വർഷത്തെ പത്താം ക്ലാസ് മാത്ത്സ് ബോർഡ് പരീക്ഷയുടെ സ്റ്റാൻഡേർഡ് പേപ്പർ ലളിതമായിരുന്നു. എന്നാൽ, അത്ഭുതമെന്നു പറയട്ടെ, ഈ വർഷത്തെ മാത്ത്സ് ബേസിക് പേപ്പർ സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ കുഴപ്പിക്കുന്നതായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. സ്റ്റാൻഡേർഡ് പേപ്പറിലെ ചില ചോദ്യങ്ങൾ ആശയങ്ങളുടെ നേരിട്ടുള്ള പ്രയോഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ അതേ വിഷയത്തിലെ ചോദ്യങ്ങൾ ബേസിക് പേപ്പറിൽ വളച്ചൊടിച്ച രീതിയിലായിരുന്നു ചോദിച്ചിരുന്നത്.
സമയക്രമീകരണം വില്ലനായി
ബുലന്ദ്ഷഹറിലെ വിദ്യാഗ്യാൻ സ്കൂളിലെ ശശികാന്ത് പ്രസാദ് പറയുന്നത് പേപ്പർ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായിരുന്നു എന്നാണ്. ഇത് പല വിദ്യാർത്ഥികൾക്കും സമയപരിധിക്കുള്ളിൽ പരീക്ഷ തീർക്കാൻ തടസ്സമായി. ചില സെറ്റുകളിലെ ചോദ്യങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് പ്രയാസമായിരുന്നു എന്നും അഭിപ്രായമുണ്ട്. സമയ ക്രമീകരണത്തെ കുറിച്ച് പല വിദ്യാർത്ഥികളും അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, NCERT പുസ്തകങ്ങൾ നന്നായി പഠിച്ചവർക്കും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിച്ചവർക്കും മികച്ച മാർക്ക് നേടാൻ കഴിയുന്നതായിരുന്നു മാത്തമാറ്റിക്സ് പരീക്ഷ.





