ചീവ്നിങ് സ്‌കോളർഷിപ്: ഒക്ടോബർ 6 വരെ അപേക്ഷിക്കാം
ഇന്ത്യൻ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും യുകെയിലെ സർവകലാശാലകളിൽ ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ പഠിക്കാൻ അവസരമൊരുക്കുന്ന ചീവ്നിങ് സ്‌കോളർഷിപ്പിന് ഒക്ടോബർ 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://www.chevening.org. അപേക്ഷയുടെ അവസാന ദിവസത്തിന് 2 വർഷം മുൻപെങ്കിലും ബിരുദം പൂർത്തിയാക്കിയവരാകണം. 2 വർഷമെങ്കിലും (2800 മണിക്കൂർ) പ്രവൃത്തിപരിചയം വേണം. മുഴുവൻസമയ ജോലി ആകണമെന്നു നിർബന്ധമില്ല. പ്രോഗ്രാം ഫീ, യാത്രച്ചെലവ്, താമസം ഉൾപ്പെടെയുള്ള ചെലവുകൾക്കുള്ള തുകയും പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. പ്രോഗ്രാമിനും താമസിക്കുന്ന സ്ഥലത്തിനും അനുസരിച്ച് തുക വ്യത്യാസപ്പെടും. സ്‌കോളർഷിപ് കാലാവധിക്കു ശേഷം 2 വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കണമെന്നു വ്യവസ്ഥയുണ്ട്.
യുകെയിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന, ചീവ്നിങ് അംഗീകൃതമായ 3 പിജി പ്രോഗ്രാമുകൾ അപേക്ഷയുടെ ഭാഗമായി മുൻഗണനാക്രമത്തിൽ നൽകണം. പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ വെബ്സൈറ്റിലെ ലിങ്കുകൾ ഉപയോഗപ്പെടുത്താം. ഇതിനു പുറമേ ഈ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ നേരിട്ട് അപേക്ഷിക്കണം. ഇതിൽ ഒരിടത്തുനിന്നെങ്കിലും അപേക്ഷകർക്ക് ഓഫർ ലെറ്റർ ലഭിക്കണം. ഇത് അപേക്ഷാസമയത്തു വേണമെന്നില്ല. 2027 ജൂലൈ 8ന് മുൻപ് ഓഫർ ലഭിച്ചതായുള്ള രേഖയെങ്കിലും ചീവ്നിങ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ യോഗ്യത, ദീർഘകാല കരിയർ പദ്ധതി, താൽപര്യം, നൈപുണ്യം എന്നിവ അവലോകനം ചെയ്ത് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കണം. എന്തുകൊണ്ട് ഈ പ്രോഗ്രാം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നത് സ്‌കോളർഷിപ് ലഭിക്കുന്നതിൽ നിർണായകമാണ്.





