NTA Denies OMR Mix-Up: നീറ്റ് യു.ജി പുനഃപരീക്ഷ; ഒ.എം.ആർ ഷീറ്റുകൾ മാറിയിട്ടില്ലെന്ന് എൻ.ടി.എ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരപേപ്പർ വ്യാജം
നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂലൈ 16-നാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആകെ 11.21 ലക്ഷം ഉദ്യോഗാർത്ഥികളാണ് യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിംഗ് നടപടികളും കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഫല പ്രഖ്യാപനത്തിന് പിന്നാലെ പുനഃപരിശോധനയ്ക്കായി സമർപ്പിച്ച ഒ.എം.ആർ ഷീറ്റുകൾ വ്യാജമോ എ.ഐ ഉപയോഗിച്ച് നിർമിച്ചതോ ആണെന്നുള്ള പരാതികൾ എൻ.ടി.എയ്ക്ക് ലഭിക്കാൻ തുടങ്ങി.
തങ്ങൾക്ക് ലഭിച്ച എല്ലാ പരാതികളും ഏജൻസി സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണെന്ന് ഇതിനോട് പ്രതികരിച്ച് കൊണ്ട് എൻ.ടി.എ അറിയിച്ചു. ഇത്തരത്തിലുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒറിജിനൽ ഒ.എം.ആർ ഷീറ്റുകൾ മാത്രം പുനഃപരിശോധനയ്ക്ക് സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും എജൻസി ആവശ്യപ്പെട്ടു. വ്യാജമായതോ എ.ഐ നിർമ്മിതമായതോ ആയ ഒ.എം.ആർ ഷീറ്റുകൾ സമർപ്പിക്കുന്നത് പരാതിക്കാരനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും എൻ.ടി.എ അറിയിച്ചു.
ഒ.എം.ആർ ഷീറ്റ് മാറി അപ്ലോഡ് ചെയ്തതായി പ്രചാരണം
ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്ത ഒരു ഉദ്യോഗാർത്ഥിയുടെ റോൾ നമ്പറിൽ മറ്റൊരു ഒ.എം.ആർ ഉത്തരപേപ്പർ മാറി അപ്‌ലോഡ് ചെയ്തെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നതായി എൻ.ടി.എ ചൂണ്ടിക്കാട്ടി. അജീത് സിംഗ് എന്ന ഒരു ഉദ്യോഗാർത്ഥിയുടെ പേരാണ് ഈ ഒ.എം.ആർ ഷീറ്റിലുള്ളതെന്നും, യഥാർത്ഥ ഉദ്യോഗാർത്ഥിയുടെ ഉത്തരപേപ്പർ മാറുകയോ തെറ്റായി വിലയിരുത്തപ്പെടുകയോ ചെയ്തുവെന്നായിരുന്നു ആരോപണം. ഇത് ഒരു രാഷ്ട്രീയ പാർട്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രചരിച്ച ചിത്രത്തിന്റെ ഫോറൻസിക് പരിശോധന നടത്തുകയും എൻ.ടി.എയുടെ കൈവശമുള്ള ഔദ്യോഗിക രേഖകളുമായി അത് ഒത്തുനോക്കുകയും ചെയ്തതായി ഏജൻസി വ്യക്തമാക്കി.
യഥാർത്ഥ ഒ.എം.ആർ ഷീറ്റ് ഔദ്യോഗിക രേഖകളുമായി ഒത്തുപോകുന്നു
വിവാദമായ റോൾ നമ്പറുമായി ബന്ധപ്പെട്ട് എൻ.ടി.എയുടെ രേഖകളിലുള്ള ഒ.എം.ആർ ഷീറ്റ് ബന്ധപ്പെട്ട ഉദ്യോഗാർത്ഥിയുടെ യഥാർത്ഥ ഉത്തരപ്പേപ്പർ തന്നെയാണെന്ന് ഏജൻസി വ്യക്തമാക്കി. ഇതിൽ ഉദ്യോഗാർത്ഥിയുടെ ശരിയായ പേര്, മാതാപിതാക്കളുടെ പേരുകൾ, ഒപ്പ്, വിരലടയാളം എന്നിവയുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇത് മൂല്യനിർണ്ണയം നടത്തിയത്. ജൂലൈ 16-ന് പ്രഖ്യാപിച്ച ഫലം ഈ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏജൻസി അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഡിജിറ്റലായി മാറ്റിയെഴുതിയതാണെന്നും ഏജൻസി വ്യക്തമാക്കി.
പ്രചരിച്ച ചിത്രത്തിലെ വ്യക്തി ഡാറ്റാബേസിൽ ഇല്ല
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിൽ നൽകിയിരിക്കുന്ന ശ്രീ ലഖൻ സിംഗിന്റെയും ശ്രീമതി റീന സിംഗിന്റെയും മകൻ അജീത് സിംഗ് എന്ന വ്യക്തിയുടെ വിവരങ്ങൾ നീറ്റ് യു.ജി 2026-ൽ രജിസ്റ്റർ ചെയ്ത ഒരു ഉദ്യോഗാർത്ഥിയുടേതുമായും ഒത്തുപോകുന്നില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ പൂർണ്ണമായ ഡാറ്റാബേസ് പരിശോധിച്ചെങ്കിലും അങ്ങനെയാരു പേര് കണ്ടെത്താനായില്ല. രണ്ടാമത് ഒരു ഉദ്യോഗാർത്ഥി നിലവിലില്ലാത്തതിനാൽ രണ്ടു പേർ തമ്മിൽ ഉത്തരംപേപ്പർ മാറിപ്പോകാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഏജൻസി അറിയിച്ചു.
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃത്രിമം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഡിജിറ്റൽ അല്ലെങ്കിൽ എ.ഐ ഉപയോഗിച്ച് രേഖകൾ പുനർനിർമ്മിച്ചതിന്റെ വ്യക്തമായ സാങ്കേതിക ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.ടി.എ അറിയിച്ചു. യഥാർത്ഥ ഒ.എം.ആർ ഷീറ്റ് കുറഞ്ഞ റെസല്യൂഷനിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ സ്കാൻ ആണ്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിന് ഇതിനേക്കാൾ ആറിരട്ടി ഉയർന്ന റെസല്യൂഷനുണ്ട്. ഉത്തരങ്ങൾ അടയാളപ്പെടുത്തിയതിന്റെ നിറം കറുപ്പിൽ നിന്ന് നീല കടും ചുവപ്പ് നിറത്തിലേക്ക് മാറിയിട്ടുണ്ട്.
കൂടാതെ വിരലടയാളം സ്വാഭാവികമായ രേഖകളില്ലാതെ വെറുമൊരു നിറം കലർന്ന കട്ടയായിട്ടാണ് കാണപ്പെടുന്നത്. പരാതികൾ പരിഹരിക്കാൻ കൃത്യമായ സംവിധാനം നിലവിലുണ്ടെന്നും എല്ലാ യഥാർത്ഥ പരാതികളും അർഹതയ്ക്കനുസരിച്ച് പരിശോധിക്കാറുണ്ടെന്നും ഈ കേസും അത്തരത്തിലാണ് കൈകാര്യം ചെയ്തതെന്നും എൻ.ടി.എ വ്യക്തമാക്കി.





